കളിപ്പാവ!

“വെളുത്തപേജിലെ കറുത്തവരകൾ തുറിച്ചുനോക്കാൻ തുടങ്ങിയിട്ട് നേരംകുറച്ചായീ… തുറന്നിട്ട ജാലകത്തിലൂടെ മാനംനോക്കി മലർന്നുകിടക്കാൻതുടങ്ങിയിട്ടും നേരം കുറച്ചധികമായി. ഇപ്പോൾവരാമെന്നുംപറഞ്ഞിറങ്ങിയ വാക്കുകൾ വല്ല കടത്തിണ്ണയിലും ചുരുണ്ടുകിടപ്പുണ്ടാകും…! അല്ലെങ്കിൽ കടാപ്പുറത്തുകൂടി പാടിപ്പാടി നടക്കുന്നുണ്ടാകും…! വരികൾകടംതരാൻ വരാറുള്ള വസന്തവും വഴിതെറ്റിപ്പിരിഞ്ഞെന്നോ?!! പ്രാസംകടംകൊണ്ട് പ്രായംകളംവിട്ടിട്ട് കാലംകുറേയായി… മുറിയിലെ പഴയ അപ്പൂപ്പൻക്ലോക്ക് ചുമച്ചുംകുരച്ചും , രാത്രിയേറെ വെെകിയെന്ന് ഒാർമിപ്പിച്ചുകൊണ്ടിരുന്നൂ… ഏഴാനാകാശത്തിനപ്പുറത്ത് സുബർക്കത്തിൽനിന്ന് പാതിരാക്ക് നക്ഷത്രങ്ങൾപതിച്ച തേരിലെത്തുന്ന രാജകുമാരനെകാത്തിരുന്ന ബാല്യത്തിലെ രാത്രികൾ ഒാർമയിലേക്ക് തീവണ്ടിപിടിച്ചെത്തി. ഞാവൽക്കറവീണ കുട്ടിപ്പാവാടയും , മിഠായിമണക്കുന്ന ചുണ്ടും, നുണക്കുഴിവിരിയിക്കുന്ന ചിരിയുമുള്ള ഒരുചെറിയകുട്ടി ജനലിനരികിൽ കെെനിറയെ നക്ഷത്രങ്ങളുമായ്! അമ്പിളിമാമൻ വീണുകിടക്കുന്ന തോട്ടിലെ വെള്ളത്തിൽ മുഖംകഴുകി , പഞ്ചാരമണലിലൂടെ , കാറ്റുകാട്ടിയവഴിയിലൂടെ ഞാൻ അവൾക്കൊപ്പം നടന്നൂ…. കുന്നിക്കുരുപൊട്ടിച്ചും , മഞ്ചാടിപെറുക്കിയും നടന്നഞങ്ങൾ കിന്നാരംകുന്നിന് താഴെയെത്തി. അവിടെ , ഒരു ഗുഹയിൽ അവളെനിക്ക് കാണിച്ചുതന്നു, വഴിയിൽ പണ്ടെങ്ങോ വീണുപോയ എൻ്റെ കളിപ്പാവ!”

…മുനീറ ഗഫൂർ…

2 thoughts on “കളിപ്പാവ!

Leave a comment