വിഷാദത്തിന്റെ രുചിയറിഞ്ഞവരെ നിങ്ങൾ പ്രണയിക്കാതിരിക്കുക!

നിങ്ങളെത്രമേലവരെ പ്രണയിച്ചാലും അവർ സദാ വിഷാദവുമായ് പിരിയാനാകാത്ത വിധം പ്രണയത്തിലായിരിക്കും!

നിങ്ങളവരെ ചുംബിക്കവെ, വിഷാദത്തിന്റെ നീലിച്ചുകല്ലിച്ച പാടുകളിൽ നിങ്ങളുടെ ചുണ്ടുകൾ തട്ടിയെന്നുവരാം..

നിങ്ങളവരുടെ വിരലുകളിൽ കൈചേർക്കവെ, പണ്ടെന്നോ വിഷാദത്തെ ഒഴുക്കിക്കളയാൻ കൈത്തണ്ടയിൽ അവർകോറിയിട്ട നദിയുണങ്ങിയ പാടുകൾക്കാണാം….

നിങ്ങളവരെ നെഞ്ചൊടുചേർക്കവെ, ദുഖം ഖനീഭവിച്ച മഞ്ഞുപാളിയുടെ തണുപ്പ് നിങ്ങളേയും മരവിപ്പിച്ചെന്നുവരാം….

” നിങ്ങളെത്രമേലവരെ പ്രണയിച്ചാലും അവർ സദാ വിഷാദവുമായ് ഭ്രാന്തമായ പ്രണയത്തിലായിരിക്കും!”

_മുനീറ ഗഫൂർ

.

nectar

We talked in beauty, And dreamt of future,
There I found all that’s best of dark and bright on your eyes!
There I found you , mesmerized charmed with love so deep and powerful,
So secret and unfulfilled!

Hey, you… you are seducing me ,
Seducing me to write…
In the ages of love, in the era of lust .
In the depth of senseless imaginations..
It leads to the orgasms of my poems!

Come here, closer to me ..
Here I have the immortal pleasure on my lap, the nectar which saved only for you .
In that utmost happiness _
We won’t make love ; the love will make us!

_ Muneera bind Abdul Gafoor 🌼

ഈ depression എന്നത് കേവല ആലംങ്കാരിക പദമല്ലെന്ന് തിരിച്ചറിഞ്ഞ വർഷമായിരുന്നൂ 2018. ആ നവംബർ , ഡിസംബർ മാസങ്ങളെ എങ്ങനെ മറക്കാനാണ്. നിങ്ങൾക്ക് നിങ്ങൾ അനുഭവിക്കുന്ന മാനസീകവേദനയുടെ കാരണമറിയാമെങ്കിൽ നിങ്ങളെത്ര ഭാഗ്യവാന്മാരാണെന്നോ?! ഒന്ന് കരയാനാകുന്നെങ്കിൽ നിങ്ങളെത്ര അനുഗ്രഹീതനാണെന്നോ!

ആ അനുഗ്രഹത്തിന്റെ ആഴമറിയണമെങ്കിൽ കാരണംപോലും തിരിയാതെ സഹിക്കാനാകാത്ത വേദനയിൽ നിങ്ങളങ്ങനെ കിടന്നുപിടയണം.

കണ്ടുനിൽക്കുന്ന പ്രിയപ്പെട്ടവർ പൊട്ടിക്കരയുമ്പോഴും ഇനിയും പുറത്തുവരാത്ത ആ കരച്ചിൽ നിങ്ങളുടെ തൊണ്ടയിൽക്കുരുങ്ങി നെഞ്ചുകലക്കണം.

ഒന്നുറങ്ങാൻപോലുമാകാതെ ദിവസങ്ങളും ആഴ്ച്ചകളുമെണ്ണി മുറിക്കകത്തങ്ങനെ തപസ്സിരിക്കണം. ഏറ്റം പ്രിയപ്പെട്ട വിഷയത്തിന്റെ പരീക്ഷാദിനംപോലും പറന്നുപോയ മനസ്സ് പിടിതരാതെ പേപ്പറിൽ തുറിച്ചുനോക്കി നിങ്ങളങ്ങനെയിരിക്കണം.

കൺമുന്നിൽ സ്വപ്നങ്ങൾ പളുങ്കുപാത്രംകണക്കെ വീണുടഞ്ഞ് അതിന്റെ ചില്ലുകൾ ചങ്കിൽ തറഞ്ഞുകേറുമ്പോൾ ശ്വാസംകിട്ടാതെപിടയണം!

അതെ നിങ്ങൾ ഭാഗ്യവാന്മാരാണ് , ഞാനും. കാരണം എനിക്കൊപ്പം അവരുണ്ടായിരുന്നൂ… ഇരുചിറകുകണക്കെ എന്നെ പൊതിഞ്ഞുപിടിക്കാൻ, ഉറങ്ങാത്തരാവിൽ മടിയിൽകിടത്താൻ , ഞാൻ കാണാതെ എനിക്കുവേണ്ടി മാറിനിന്നുകരയാൻ, പറഞ്ഞതും പറയാത്തതുമായ ഏതാഗ്രഹവും സാധിച്ചുതരാൻ. പകലിരവുകൾ ഇടതടവില്ലാതെ നിക്കുവേണ്ടി ദുആചെയ്യാൻ, Mashallah എന്റെ പൊന്നുമ്മി, ജീവന്റെ ജീവനായ വാപ്പി.

അങ്ങനെ എങ്ങനെയും ആ യാതനകളിൽനിന്ന് കരകയറണമെന്ന്മാത്രമായിരുന്നൂ ദേ ഈ 2019 തുടങ്ങിയപ്പോ ആഗ്രഹം. ഒറ്റമാർഗം ഒരുനിമിഷംപോലും വെറുതെയിരിക്കാതിരിക്കുക! അതുവരെ ബന്ധങ്ങൾ ബന്ധനങ്ങളുണ്ണീ എന്ന് പാട്ടുംപാടി ഒരുമനുഷ്യന്റേം മുഖത്തുപോലും നോക്കാനിഷ്ട്ടപ്പെടാതെ മിണ്ടാൻവരുന്നവരോട് മുഷ്ടിചുരുട്ടിനടന്ന ഈ പെണ്ണൊന്നയഞ്ഞൂ..( മൊത്തത്തിലില്ലാട്ടോ😌 അങ്ങനങ്ങ് മാറാനൊക്കുവോ.. message അയച്ചാൽ പലപ്പോഴും വായിച്ചുപോലും നോക്കാത്ത that jaada thendi, yeah that’s me😄)

സീരിയേല്കഥേം അയലത്തെ കുശുമ്പുമൊഴികെ ബാക്കിയെന്തിനും ചെവികൊടുത്തൂ.. നീണ്ട വർഷങ്ങൾക്കുശേഷം നിർമല മാഗസീനെന്ന സ്വപ്നത്തോടടുത്തപ്പോ ksuയൂണിയന്റെകൂടെ സബ്എടിറ്ററായിക്കൂടി. അതുവരെ വാതുറന്നാൽ സാഹിത്യവും ഫിലോസഫിയും മാത്രം വന്ന നാവിന് മുദ്രാവാക്യങ്ങളും വഴങ്ങിത്തുടങ്ങീ…

“കലപിറക്കേണ്ടിടങ്ങളാണ് കലാലയങ്ങൾ , വരൂ നമുക്ക് ക്ലാസ്മുറികൾ വിട്ട് ആ മരച്ചോട്ടിലിരുന്ന് വട്ട്പറയാമെന്നും” പറഞ്ഞ് നിർമലയിലെ കുറച്ച് വട്ടുപിടിച്ച പിള്ളേരെ വട്ടംകൂട്ടി എഴുത്തുകൂട്ടമുണ്ടാക്കി ശ്രീമതി വി. എം ഗിരിജയേയുംകൊണ്ടുവന്ന് ഉത്ഘാടിപ്പിച്ച് ” ഫാരൻഹീറ്റ് 451 _കടലാസ് കത്തുന്ന ഊഷ്മാവ് ” എന്ന മാഗസീനുമിറക്കീ. (ഒറ്റക്കല്ലാട്ടോ… നോയലമ്മേനം, നീരജേനേം, യാസീനേം, പാറൂനേം, ദേവൂനേം, മെഹബൂബാത്താനേം , റുക്സാനാനേം എല്ലാരേം നന്ദിയോടെ ഓർക്കണൂ)

ആയിടക്ക് കിട്ടിയ വേദികളൊക്കെ വളരാനുള്ള ഇടങ്ങളാക്കി, കടലാസ് കവിഞ്ഞ് കവിത കടലായൊഴുകിയകാലം.

*സ്വപ്ന സാക്ഷാത്കാരംകണക്കെ 2019 MG university, Essay writing ഒന്നാംസ്ഥാനവും…അങ്ങനെ സ്വയം മതിലുകെട്ടി എന്നിലേക്കുതന്നെ തലപൂഴ്ത്തിയ ആമ പുറംതോടുപൊട്ടിച്ച് പുറത്തുചാടിയ വർഷംതന്നെയായിരുന്നൂ ഈ “19”.

പറഞ്ഞുവരുന്നത് ഇതാണ് ,എന്റെ കുട്ടികളേ….. ഈ ജീവിതം ജീവിതം എന്ന്പറയണ സാധനംഉണ്ടല്ലോ , അത് നല്ല കരിങ്കല്ലുതന്നെയിടുത്ത് ചിലപ്പോ നിങ്ങടെ തലക്കടിച്ചെന്ന് വരും. ചങ്കുപൊട്ടി കണ്ണുനിറഞ്ഞ് നിങ്ങൾ അലറിക്കരഞ്ഞെന്നുവരും, പക്ഷെ ആ കരച്ചിലിന്റെ കണ്ണുകലക്കം വിട്ടൊഴിയുമ്പോ ജീവിതം പണ്ടത്തേതിലും തെളിച്ചത്തില് കാണാനൊക്കും. നിങ്ങളൊന്ന് വീണാൽ ആരൊക്കെ താങ്ങാവുമെന്നറിയാനാകും. സ്വയം വേദനയറിഞ്ഞതിൻ ഫലമായി വേദനിക്കുന്നവരെ നെഞ്ചോടുചേർക്കാൻ നിങ്ങൾ പഠിക്കും. ‘ ഒറ്റക്കാലിൽ അരുണിമാ സിൻഹ ചാടിക്കേറീത് എവറസ്റ്റിന്റെ മണ്ടേലാണ് മിസ്റ്റർ, പിന്നെ നമുക്കൊക്കെ എന്നാത്തിന്റെ കുറവാ?! ‘ ചത്തിട്ടില്ലെങ്കിൽ, ചങ്കിടിക്കുന്നുണ്ടെങ്കിൽ നെഞ്ചുംവിരിച്ചങ്ങ് ജീവിച്ചേക്കണം.. കാരണം ഓരോ ജീവനും അതിനെ പടച്ച തമ്പുരാൻ ഓരോ ലക്ഷ്യങ്ങളുംകൊടുത്താണ് അയക്കണേ.. നിങ്ങളാൽമാത്രം നിറവേറ്റാനാകുന്ന ചിലത്, അതിന് നിങ്ങള്തന്നെ വേണംന്നേ..

🤗 with love

_ Muneera bind Abdul Gafoor

രക്തസാക്ഷി!

ഇത്രകാലം പ്രണയത്തേക്കുറിച്ച് എഴുതിനടന്നൂ.

ഇപ്പോൾ സമയമായിരിക്കുന്നൂ , പ്രണയിക്കാൻ!

വരൂ നമുക്കാ ബാരിക്കേഡുകൾക്കിടയിൽ നിന്ന് ചുംബിക്കാം…

രക്തം നിറഞ്ഞ തെരുവിലൂടെ കൈകോർത്തുനടക്കാം…

ഭരണഘടനയുടെ താളുകൾ പ്രണയ ലേഖനങ്ങളായ് പരസ്പരം കൈമാറാം…

‘ആ കുട്ടികൾ ചോരകാത്ത് നാവുനീട്ടിയ തോക്കിൻമുനകൾക്കുമേൽ ഉയർത്തിയ പനിനീർ പൂക്കൾ ബാക്കിയുണ്ടോ എന്നുനോക്കൂ,

എനിക്കവയിലൊന്നുവേണം.’

അതിലും മികച്ച എന്ത് പ്രയോപഹാരം നിനക്കെനിക്ക് നൽകാനാകും!

പകലന്തിയോളം നമുക്ക് മുദ്രാവാക്യങ്ങൾ മുഴക്കാം, ഒടുവിൽ തെരുവിന്റെ മൂലയിൽ ചുരുണ്ടുകൂടാം..

ഭാവിയേപ്പറ്റി കമിതാക്കൾ നടത്തുന്ന പതിവുചർച്ചകൾവിട്ട് ആത്മാവ് നഷ്ട്ടപ്പെട്ട് പിടയുന്ന ഈ രാജ്യത്തേക്കുറിച്ച് ചർച്ചചെയ്യാം…

ചുംബനത്തിനിടയിൽ പല്ലുതട്ടി മുറിഞ്ഞതോഎന്നവർ കളിയാക്കുന്ന ചുണ്ടിലെ മുറിവ് പറയാൻ വെമ്പുന്ന ലാത്തിയുടെ കഥകൾ മറച്ചുവെക്കാം..

നിന്റെ ഓർമ്മകളെ പൊതിഞ്ഞുവച്ച ഹൃദയഭിത്തികളിലേക്ക് തുളച്ചുകയറുന്ന വെടിയുണ്ടകൾക്കുമുന്നിൽ ഒടുവിൽ ഞാൻ കണ്ണടക്കവെ…

എന്നോട് ക്ഷമിക്കൂ, എന്റെ കണ്ണിലെ അന്ത്യചിത്രം നീയായിരിക്കുവാൻ വഴിയില്ല!

എനിക്ക്മുന്നേ മരിച്ചുപോയവരുടെ നിഴലുകളോ, പ്രതികാരത്തിന്റെ കനലുകളോ , കണ്ണുനീർ തുള്ളികളോഅല്ല.

അവിടെ ഒരു തിളക്കംകാണും ,

പ്രഭാതത്തിന്റെ തുടക്കം,

പ്രത്യാശയുടെ ആ കണങ്ങളിൽനിന്നായിരം സൂര്യന്മാരുണരും..

നമ്മൾ ജയിക്കും, നാം സ്വതന്ത്രരാകും..

എങ്ങനെ തോറ്റുപോകുവാനാണ്!

ആയുസ്സുകളെ ബലിനൽകി എത്രപേർ നയിച്ച ജനതയാണ് നമ്മൾ …

ഇല്ല നമ്മൾ തോൽക്കുകയിൽ,

വിജയത്തിന്റെ പുലരികൾക്ക് ഈ രക്തസാക്ഷികളുടെ ചൊരയുടെ നിറമായിരിക്കും!

_മുനീറ ഗഫൂർ

പട്ടിണി!

അങ്ങനെയിരിക്കെ ആരോടും ഒന്നും പറയാതെ അയാളങ്ങ് മരിച്ചുപോയീ!

അന്ത്യകർമത്തിനുവന്നവർ മൃതദേഹത്തിനരികെ ഒരുകീറക്കടലാസിൽ

നാലുവരികൾ കണ്ടെത്തി!

ചിലരത് കവിതയാക്കി,

ചിലർ ആത്മഹത്യാക്കുറിപ്പാക്കി,

ചിലർ ഒടുവിലെ പ്രണയലേഖനമാക്കി,

പട്ടിണികിടന്നനാളിൽ ഇരന്നുവാങ്ങിയ റൊട്ടിക്കഷ്ണങ്ങളുടെ കണക്കും, കൊടുത്തുതീർക്കേണ്ട കടത്തിന്റെ കണക്കുകളും ആ കടലാസിൽ മലന്നുകിടന്ന് പട്ടിണികൊണ്ടുമരിച്ച യജമാനനെ തുറിച്ചുനോക്കി!

_മുനീറ ഗഫൂർ (പട്ടിണി!)

ആത്മഹത്യയുടെ തെരുവ്!

അകലങ്ങളിലെവിടെയോ സൂര്യൻ അസ്തമിച്ചുകഴിഞ്ഞിരുന്നൂ. അൽപ്പം കാവ്യാത്മകമായ് പറഞ്ഞാൽ പാതിരാവിന്റെ കറുത്ത ചേലയെ ഭൂമി മാറോടുചേർത്തുതുടങ്ങിയിരിക്കുന്നൂ.
ചെങ്കോട്ടയുടെ ചെമ്പൻ കല്ലുകൾ ഒന്നുകൂടി കനക്കെചുമന്നൂ.
നാലുനാളായ് വെറുതെ ഈ മഹാനഗരത്തിന്റെ ഓരോ ഊടുംതിരിഞ്ഞിങ്ങനെ നടക്കുന്നൂ. ജീവനെ കണ്ടെത്തിയ ഇടത്തുതന്നെ ജീവിതം ഇല്ലാതാക്കണമെന്നതോന്നൽ ! ആ തോന്നലിന്റെ നിഴലുകളെ പിൻതുടർന്നെത്തിയതാണിവിടെ. അല്ലെങ്കിലും തിരക്കുള്ള നഗരങ്ങൾതന്നെയാണ് അന്ത്യയാത്രക്കിണങ്ങിയ ഇടങ്ങൾ. മരിക്കുക എന്ന തീർത്തും സ്വകാര്യമായ ആഗ്രഹത്തോടെ വല്ലതീവണ്ടിക്കും തലവെക്കാനായ് നിങ്ങൾ നടന്നുനീങ്ങവെ നിങ്ങളുടെ കണ്ണിൽ കനക്കുന്ന ആ ഭാവം അത് ആരുംതന്നെ തിരിച്ചറിയില്ല, എന്തിനേറെ ആരും നിങ്ങളെ ശ്രദ്ധിക്കുകപോലുമില്ല! സ്വതവേ തിരക്കിലാണ്ട ആ നഗരത്തിന് തികച്ചും അപരിചിതയായൊരാളുടെ മനസ്സുതുറന്നുനോക്കാൻ എവിടെയാണ് നേരം!

എന്തിനേറെ, കിതച്ചുപായുന്ന തിരക്കുകൾക്കൊടുവിൽ ആ മഹാനഗരത്തിന്റെ ഏതെങ്കിലും നാലുചുമരുകൾക്കുകീഴിയിൽ പരസ്പരം സുഖംതിരയുന്ന ഇണകളെന്നുസ്വയം വിളിക്കുന്നവർപോലും പങ്കിടപ്പെടുന്ന ശരീരങ്ങൾക്കപ്പുറം എന്നെങ്കിലും മനസ്സുപങ്കിട്ടിരിക്കുമോ?! പരസ്പരം ചുമരുകൾക്കെട്ടി ഓരേചുമരിനുള്ളിൽ കഴിയുന്ന അടുത്തറിയാമെന്നുനടിക്കുന്ന അപരിചിതർ!

” നമ്മേപ്പോലെ പരസ്പരം ഇത്രയാഴത്തിലറിയുന്ന കമിതാക്കളാരുംതന്നെ കാണില്ല! നോക്കൂ നീയിപ്പോൾ എന്താണ് ചിന്തക്കുന്നതെന്നുപോലും ആ മുഖത്തുനോക്കിയാൽ എനിക്ക് മനസ്സിലാകും !” ചാന്ദിനിചോക്കിലെ തിരക്കുകുറഞ്ഞ ഏതോ ഒരു ദാബയായിരുന്നൂ അതെന്നുമാത്രം ഇന്നോർക്കുന്നൂ. എന്ത് മനസ്സിലാക്കി! ഒരു പക്ഷെ ശരിയായിരുന്നിരിക്കണം , അല്ലെങ്കിൽ പിരിയാം എന്ന വാക്കുപോലും അപ്രസക്തമാക്കി നാം നിശബ്ദമായ് പിരിഞ്ഞതെങ്ങനെയാണ്!

രാത്രി പതിയെ തെരുവിനെ കീഴടക്കാൻ ശ്രമിച്ച് തെരുവുവിളക്കുകളുടെ ഉജ്ജ്വല പ്രഭക്കുമുന്നിൽ നാണിച്ചുനിന്നൂ. തെരുവ് തിരക്കുപിടിക്കുകയാണ്. മെഹ്‌റോളിയുടെ നിറപ്പകിട്ട് ഓർമകളുടെ ചായങ്ങളുമായ് പിന്നെയും പകവീട്ടാനെത്തുകയാണ്.

തണുപ്പ് നഗരത്തെ കീഴ്പ്പെടുത്തിത്തുടങ്ങിയ ആ ദിനങ്ങൾ, ഹർദയാൽ മുനിസിപ്പൽ ലൈബ്രറിയുടെ ആൾപ്പെരുമാറ്റംമറന്ന ഏതോ മൂലയിൽ മസ്നവിയുടെ താളുകളുംമറിച്ച് നീയങ്ങനെ മടിയിൽ കിടന്നത്, തണുപ്പ് പതിയെ അരിച്ച് കയറവെ കാൽവിരലുകളെപ്പോലും ചുംബിച്ച് ചൂടറിയിച്ചത്,
ആസാദ്പാർക്കിലെ വൈകുന്നേരങ്ങളിൽ “ഈ ശൈത്യകാലം ഡബിൾ ബ്ലാങ്കെറ്റുകൾ വാങ്ങണമെന്ന്” ചെവിയിൽ കളിപറഞ്ഞ് നീ ചിരിച്ചനേരങ്ങൾ, അപ്പോഴെല്ലാം നമുക്കുമുന്നിൽ ചിറകടിച്ചുയർന്ന പറവക്കൂട്ടങ്ങൾപോലെ എത്ര എത്ര സ്വപ്നങ്ങളാണ് എനിക്കുള്ളിലും ചിറകടിച്ചുയർന്നത്!

ഓർമ്മയുണ്ടോ എന്നവാക്കിനുപോലും ഓർമ്മനശിച്ചുകാണണം! അല്ലെങ്കിൽ ഇന്നാ ഓർമ്മകളുടെ നിറങ്ങൾ നിറംകെട്ട ഇന്നുകളിൽ കണ്ണുനനക്കുന്നുണ്ടാകണം!
വിയർപ്പിനുപോലും നിന്റെഗന്ധമായ്തീരവെ ഞാനെങ്ങനെ മറക്കാനാണ്!

ഈ നഗരത്തിൽ ഞാൻ ബാക്കിവെച്ചുപോയ ഗന്ധം, എന്റേതോ നിന്റേതോ എന്ന് തിരിച്ചറിയാനാകാത്തവിധം പിടച്ചിലുകളിൾ നമ്മുടേതായ്തീർന്ന ചില പാതിരാവുകളുടെ ഗന്ധം!

പക്ഷെ അമൃത്ത്സർ എക്സ്പ്രസ്സിന്റെ കണ്ണുതുരക്കുന്ന വെളിച്ചം മുഖത്തേക്കിരച്ചുകയറവെ ചുറ്റിലും രൂക്ഷമായ രക്തത്തിന്റെ ഗന്ധംമാത്രമായിരുന്നൂ!

“ചരിത്രംനിറഞ്ഞ ഈ മണ്ണിൽ ഇന്നെന്റെ ചരിതവുമൊടുങ്ങട്ടേ…!”

കണ്ണിൽ ഇരുട്ട്കയറുന്നുണ്ട് , പണ്ട് ഇതുപോലെയാണ് നീയെന്നിലേക്കുപടർന്നുകയറിയതും… ഇതുപോലെതന്നെ! കാൽവെള്ളയിൽ ഒരു തണുപ്പ് സൃഷ്ടിച്ചുകൊണ്ട്, അടിവയറ്റിൽ ഒരു മരവിപ്പ് ബാക്കിയാക്കിക്കൊണ്ട്!

അന്ത്യയാത്രക്കൊരുങ്ങുന്ന ഒരുവളെ യാത്രയാക്കാൻ ഏതെല്ലാം ഓർമ്മകളാണ് കൂട്ടുപോരുന്നത്! ഇരുട്ട് പ്രജ്ഞയെ കീഴടക്കുംമുമ്പ് ആദ്യം തെളിഞ്ഞത് ബാല്യമാണ്. ഞാവൽ കറ മണക്കുന്ന കുഞ്ഞുപാവാട; മിഠായിമണക്കുന്ന, നുണക്കുഴി വിരിയുന്ന കുഞ്ഞുകവിൾ. പിന്നെ കൗമാരം. പെറ്റിക്കോട്ടിലെ ചോരക്കറകൾ; എണ്ണം പെരുത്ത നെഞ്ചിടിപ്പുകൾ. യൗവ്വനം. വിപ്ലവച്ചൂടിലെരിഞ്ഞ പകലുകൾ, പ്രണയാഗ്നിയിൽ സ്വയം സ്ഫുടംചെയ്ത രാവുകൾ………
പിന്നെ പ്രിയപ്പെട്ടവരാരെല്ലാമോ. വാൽസല്യം നിറഞ്ഞ കണ്ണുകൾ, എല്ലാ പിണക്കങ്ങൾക്കുമൊടുവിൽ അഭയം തേടിയ ആ മടിത്തട്ട്. നടപ്പിൽ കാൽപിഴച്ചപ്പോഴെല്ലാം കൈപിടിച്ച വിരലുകൾ! സൗഹൃദങ്ങൾ. പരിഭവങ്ങൾ.
അങ്ങനങ്ങനെ ആരെല്ലാമോ….

ഒടുവിൽ!

ഒടുവിൽ നീ! നിന്റെ ഓർമ്മകൾ! നീയായ ഗന്ധം! നീ മാത്രം……..
പിന്നെ ഇരുട്ടും!

_ മുനീറ ഗഫൂർ

നീ!

നിന്നോടുള്ള പ്രണയമാണെന്നിൽ ഇന്നും നിശാഗന്ധിവിരിയിക്കുന്നത്….

കടൽക്കരയിൽ കാറ്റേറ്റ് ഈ മടിയിലിങ്ങനെ നീ കിടക്കവെ നിന്റെ മുടിയിഴകൾ തഴുകിനെത്തുന്ന കാറ്റിനോട് ചിലപ്പോൾ എനിക്ക് മൽസരിക്കേണ്ടിവരും….

കാൽവിരലുകളെ ചുംബിച്ച് കടന്നുപോകുന്ന തിരകളോട് ചിലപ്പോഴെനിക്ക് കുശുമ്പുതോന്നിയെന്ന് വരും…..

വിശക്കുന്നകുഞ്ഞ് അമ്മയുടെ മാറിടത്തിലേക്ക് നോക്കുന്ന ദാഹത്തോടെ ഇടക്ക് എന്റെ നോട്ടം ആ കണ്ണുകളിൽ ഉടക്കിയെന്നുവരും….

അപ്പോൾ ഒരു മിന്നൽപ്പിണർ ആത്മാവ്മുറിച്ച് കടന്നുപോകും….

പതിയെ ഉള്ളിലെവിടെയോ മഞ്ഞുപെയ്യും…

മനസ്സിൽ വസന്തം നിറയും…..

കാട്ടുകടമ്പുപോലെ ഞാൻ കടപൊട്ടിപ്പൂക്കും……

എങ്ങും പ്രണയസൗരഭം പരക്കും…

നീയെന്നെ തൊടുമ്പോൾ ഒരോ തവണയും

ഞാൻ ദിക്കറിയാതെ ഭൗമ സഞ്ചാരം നടത്തും…….

നിന്റെ ഒരോ സ്പർശനങ്ങളും

എന്നിൽ വന്നുചേരവേ

കരകവിഞ്ഞൊഴുകുന്ന നദിയായ് ഞാൻ പരിണമിക്കും…

ഒരോ തരം ആകാശങ്ങളിൽ,

കൊടുങ്കാറ്റുകളിൽ,

ആർത്തിരമ്പുന്ന സമുദ്രചലനങ്ങളിൽ,

നിബിഡവനങ്ങളുടെഅസ്ഥിപഞ്‌ജരങ്ങളിൽ, ലാവാപ്രവാങ്ങളിൻ വഴുക്കനിൽ……….

എങ്ങും ഞാൻ നിറഞ്ഞുപൂക്കും….

ഞാൻ നിന്നെ തൊടുമ്പോൾ

ഒരോ തവണയും നിന്നിൽ ഉണരുന്ന

കുളമ്പടി ധ്വനികൾ,

ഉഷ്ണവായുവിൻ ഭ്രമ സഞ്ചാരങ്ങൾ,

നീണ്ട ദീർഘനിശ്വാസങ്ങൾ,

അറിയാതെ വിരിയുന്ന പുഞ്ചിരികൾ….

ഒടുവിലാത്മാവുപോലും ഇഴപിരിഞ്ഞുചേരവേ തീരാത്ത കളിപറച്ചിലുകൾ…….

വാൽസല്യത്തിന്റെ വേലിയേറ്റങ്ങൾ…

ചുംബനത്തിനായ് മൽസരിക്കുന്ന ചുണ്ടുകൾ ……

ഒടുവിൽ ഉടലിനുപോലും എരിതീയിൽ സമനിലതെറ്റവേ………..

ഏഴാനാകാശത്തിനപ്പുറെനിന്ന് മാലാഖമാർപോലും കളിയാക്കിചിരിക്കുന്നുണ്ടാകണം…..

റൂഹോടുറൂഹുചേർന്ന ഈ ഇണകളേപ്പറ്റിയുള്ള കിസ്സകളുമായ് അവർ കാറ്റിനെ ദൂതയച്ചുകാണണം…

_മുനീറ ഗഫൂർ

തെരുവുപട്ടി!

തെരുവുപട്ടിയേപ്പോലെ ജീവിക്കണം!

കഴുത്തിൽ കൽപ്പനകളുടെ ചങ്ങലക്കുരുക്കുകളില്ലാതെ ,
പൂട്ടുള്ള കൂടിന്റെഅഴികൾക്കുള്ളിൽ അകപ്പെടാതെ,
ഒരുയജമാനന്റെയും കാലുനക്കാതെ ,
കിട്ടുന്നതൊക്കെത്തിന്ന് ,മഴനനഞ്ഞ് , വെയിലറിഞ്ഞ് കാടുകേറിയങ്ങനെ
ചാവുവോളം തോന്നിയ വഴിയൊക്കെ അലയണം.

ഒടുവിലൊരുനാൾ ഒരുപക്ഷെ ഏതെങ്കിലും തെരുവിന്റെ മൂലയിൽ ചത്തുവീണേക്കാം!

എന്ത്യേ?! നിങ്ങളുടെ വീട്ടുപട്ടികൾ ചാവാറില്ലേ?!

– മുനീറ ഗഫൂർ

പ്രാണഹത്യ!

അന്നാ ആശുപത്രിവരാന്തയിൽ ആരുടെയോ മരണംഏറ്റുവാങ്ങാനെന്നപോലെ മരവിച്ചുനിന്നനേരം നാം കുടിച്ചുതീർത്ത മൗനത്തിന്റെ കടലിലാണ് ഞാനിപ്പോഴും.
വേണ്ടെന്നുവയ്ക്കലിന്റെ നിസാരതയിൽ നിസ്സഹായമായ് നിലത്തുവീണുപിടഞ്ഞത് നമ്മുടെ പ്രാണന്റെ പാതിതന്നെയായിരുന്നൂ.
ചോരച്ചാലുകളുള്ള കീറിമുറിക്കപ്പെട്ട ഒരു ഗർഭപാത്രമല്ലാതെ മറ്റെന്താണ് നിന്റെ പ്രണയം എനിക്ക് ബാക്കിനൽകിയത്!
കുത്തിയൊഴുകിയ ചോരച്ചാലുകൾതീർത്ത കടലിൽ ഭ്രാന്തമായ് അലറിക്കരഞ്ഞ ഒരുവളെ നിസ്സഹായമായ് നോക്കിനിൽക്കാനല്ലാതെ മറ്റെന്തിനാണ് നിങ്ങൾക്കായത് ?!

ശവപ്പറമ്പുകളിലെ വസന്തം!!!

വരൂ പ്രിയാ…
നമുക്കാ ഖബർസ്ഥാനിലെ ചെറിമരച്ചോട്ടിൽ ചെന്നിരിക്കാം.
ചരമഗീതങ്ങളാൽ ഞാനൊരു പ്രണയഗാനംരചിക്കാം.
മരണംമണക്കുന്ന അത്തറുകൾക്കിചയിലൂടെ റൂഹുപിരിയുന്ന താളത്തിനൊത്ത് നമുക്ക് നടന്നുപോകാം.
ഭൂമിയിൽ കാൽത്തൊടാതെ പറന്ന് നമുക്ക് ഏഴാനാകാശവും കടന്നുപോകാം…
മരണാനന്തരമെങ്കിലും നിന്റെ ഓരോ നിമിഷവും എനിക്ക് മാത്രം അവകാശപ്പെട്ടതായിരിക്കയില്ലേ…
നിന്റെ ഓരോ കോശവും, നിശ്വാസവും
നിന്നിലെ നീരുറവകളും കാട്ടാറും…
ബന്ധങ്ങളൊന്നും ബന്ധനസ്ഥനാക്കാത്ത ലോകത്തേക്ക് ഞാൻ നിന്നെ കൊണ്ടുപോകാം,
അവിടെ ഞാനും നീയും നമുടെ ഭ്രാന്തകളും മാത്രം….

– മുനീറ ഗഫൂർ

Create your website at WordPress.com
Get started