യക്ഷി ♡

കുടിച്ചചോരക്കുപകരമായ് നിങ്ങളുടെ സിരകളിൽ പ്രണയം നിറച്ചവൾ….
രാത്രിയുടെ അന്ത്യയാമങ്ങളിൽപോലും ഉറങ്ങാതെ നിങ്ങൾക്ക് കൂട്ടിരുന്നവൾ……
മഴപെയ്ത രാവുകളിൽ മുടിവാരിവിതറി നിങ്ങൾക്ക് ഉടയാടയായവൾ….
ചുംബനത്തിന്റെ കത്തുന്ന ചുരങ്ങളിലെങ്ങോവച്ച് അവളുടെ പല്ലുതട്ടിമുറിഞ്ഞ നിങ്ങളുടെ ചുണ്ടിന്റെ അവസാനപ്രാണനും തന്നിലേക്കാവാഹിച്ച് കാത്തുവച്ചവൾ……
പനിച്ചൂടിലുരുകിയ നിങ്ങളിലേക്ക് പനങ്കള്ളുപോലെ വീര്യംചൊരിഞ്ഞവൾ….
വഴിയറിയാതെ നിങ്ങളുഴറിയ കാട്ടുചോലക്കരികിൽവച്ച് കാട്ടാറുപോലെ നിങ്ങളിലേക്ക് ഒഴുകിനിറഞ്ഞവൾ….
ഭ്രാന്ത്പൂത്തയാമങ്ങളിൽ ഭ്രാന്തിൻ പൂമരമായ് നിങ്ങളിൽ പൂത്തുനിറഞ്ഞവൾ…

ഇത്രമേൽ പ്രാണൻ പകർന്നുപ്രണയിച്ചിട്ടും അവൾ നിങ്ങൾക്കെങ്ങനെ ഭയപ്പെടുത്തുന്ന യക്ഷിയായീ?!

-മുനീറ ഗഫൂർ

Leave a comment